രാജ്യത്തിന്റെ ഭാഷാ-സാംസ്കാരിക വൈവിധ്യം മനസ്സിലാക്കാൻ ഓരോ വിദ്യാർത്ഥിയും മാതൃഭാഷയ്ക്ക് പുറമേ കുറഞ്ഞത് ഒരു ഇന്ത്യൻ ഭാഷയെങ്കിലും പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊൽക്കത്തയിലെ നാഷണൽ ലൈബ്രറി കാമ്പസിൽ ‘മ്യൂസിയം ഓഫ് വേഡ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സമ്പന്നമായ ഭാഷാ പൈതൃകം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ അടയാളമാണെന്നും ഭാഷയിലൂടെയാണ് ഒരു സമൂഹത്തിന്റെ സംസ്കാരം ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നതെന്നും അമിത് ഷാ പറഞ്ഞു. 2020-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
22 ഇന്ത്യൻ ഭാഷകളുടെ പരിണാമവും ചരിത്രവും അവതരിപ്പിക്കുന്ന ഒമ്പത് ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. പുരാതന കൈയെഴുത്തുപ്രതികൾ, ലിഖിതങ്ങൾ, വിവിധ ലിപികളുടെ വികാസം, ഡിജിറ്റൽ അവതരണങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏകദേശം 41 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 14 കോടി രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ബഹുഭാഷാ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തെ എല്ലാ ഭാഷകളുടെയും തുല്യ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് മ്യൂസിയമെന്ന് അധികൃതർ അറിയിച്ചു.
