പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പള്ളിക്ക് നേരെ ചാവേർ ആക്രമണം. കൊഹാത്ത് നഗരത്തിലെ പൊലീസ് ഓഫീസ് സമുച്ചയത്തിന് സമീപമുള്ള പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും പള്ളിയിലെത്തിയ ആരാധകരാണെന്നും പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഭീകരൻ പള്ളിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വൻ സ്ഫോടനത്തിൽ പള്ളി തകർന്നതോടൊപ്പം സമീപത്തെ പൊലീസ് കെട്ടിടത്തിന്റെ ചുറ്റുമതിലും തകർന്നു.
ഇതിന് പിന്നാലെ തോക്കുകളുമായെത്തിയ രണ്ട് ഭീകരർ കൂടി പൊലീസ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ജാഗ്രത പുലർത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തിരിച്ചടിക്കുകയും ഒരുഭീകരനെ വധിക്കുകയും ചെയ്തു.
ആക്രമണത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
അയൽ ജില്ലയായ ഹാംഗുവിൽ വ്യാഴാഴ്ച നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കൊഹാത്തിലെ ആക്രമണം. സുരക്ഷാസേനയെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പാകിസ്ഥാൻ താലിബാൻ (ടിടിപി) ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൊഹാത്തിലെ ഏറ്റവും പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏതെങ്കിലും ഭീകരസംഘടന ഏറ്റെടുത്തിട്ടില്ല.
