ലണ്ടനിൽ ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ അജ്ഞാത സംഘം കത്തിച്ചു

ലണ്ടൻ നഗരത്തിൽ പ്രവർത്തിക്കുന്ന ജൂത സന്നദ്ധ സംഘടനയുടെ നാല് ആംബുലൻസുകൾക്ക് തീ വെച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ 1:45ഓടെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്താണ് സംഭവം നടന്നത്. ജൂത സമൂഹങ്ങൾക്ക് അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്ന ഹാറ്റ്‌സോളയുടെ പ്രാദേശിക ശാഖയുടെ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച അജ്ഞാതരായ മൂന്ന് പേർ വാഹനങ്ങൾക്ക് തീ വെക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി അധികൃതർ അറിയിച്ചു.

ലണ്ടൻ ഫയർ ബ്രിഗേഡ് നൽകിയ വിവരമനുസരിച്ച്, വാഹനങ്ങളിലുണ്ടായിരുന്ന സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമീപത്തെ ഒരു താമസ കെട്ടിടത്തിന്റെ ജനാലകൾ തകർന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ വീടുകൾ ഒഴിപ്പിക്കുകയും ചെയ്തു.
സംഭവം “സെമിറ്റിക് വിരുദ്ധ വിദ്വേഷ കുറ്റകൃത്യം” എന്ന നിലയിലാണ് പരിഗണിക്കുന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി.

1960-കളിൽ ന്യുയോർക്ക് സിറ്റിയിൽ സ്ഥാപിതമായ അന്താരാഷ്ട്ര സന്നദ്ധ അടിയന്തര മെഡിക്കൽ ശൃംഖലയാണ് ഹാറ്റ്സോള. ബ്രിട്ടനിൽ 1979 മുതൽ ഗോൾഡേഴ്‌സ് ഗ്രീൻ മേഖലയിൽ ഇവർ പ്രവർത്തിച്ചുവരികയാണ്.

അതേസമയം, ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടി ഉൾപ്പെടെയുള്ള പശ്ചാത്തലത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സെമിറ്റിക് വിരുദ്ധ വികാരങ്ങൾ ശക്തമായിരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക