ഇന്ത്യയിൽ റെക്കോർഡ് വിൽപ്പനയുമായി ബിഎംഡബ്ല്യു; ഇലക്ട്രിക് കാറുകൾക്ക് വൻ ഡിമാൻഡ്

ആഡംബര വാഹന നിർമാതാക്കളായ BMW ഗ്രൂപ്പ് ഇന്ത്യയിൽ ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ റെക്കോർഡ് വിൽപ്പന നേടി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 9,075 കാറുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഇലക്ട്രിക് വാഹന വിഭാഗത്തിലെ ശക്തമായ മുന്നേറ്റമാണ് കമ്പനിയുടെ വളർച്ചയ്ക്ക് പ്രധാന കാരണമായത്. ആദ്യ ആറുമാസത്തിനിടെ 2,359 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചതോടെ ഈ വിഭാഗത്തിൽ 78 ശതമാനം വളർച്ച കൈവരിച്ചു. മൊത്തം വിൽപ്പനയുടെ 26 ശതമാനവും ഇലക്ട്രിക് വാഹനങ്ങളുടേതാണ്. ആഡംബര ഇലക്ട്രിക് കാർ വിപണിയിൽ 69 ശതമാനം വിഹിതവുമായി ബിഎംഡബ്ല്യു മുന്നിട്ടുനിൽക്കുന്നതായും കമ്പനി വ്യക്തമാക്കി.

ലോംഗ് വീൽബേസ് മോഡലുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ വിഭാഗത്തിലെ വിൽപ്പന 24 ശതമാനം വർധിച്ച് 4,428 യൂണിറ്റിലെത്തി. മൊത്തം വിൽപ്പനയുടെ 52 ശതമാനവും ഈ വാഹനങ്ങളുടേതാണ്. അതേസമയം, സ്പോർട്സ് ആക്ടിവിറ്റി വാഹനങ്ങളുടെ (SAV) വിൽപ്പന 35 ശതമാനം ഉയർന്ന് 5,926 യൂണിറ്റായി. മൊത്തം വിൽപ്പനയുടെ 65 ശതമാനവും ഈ വിഭാഗത്തിൽ നിന്നാണ്.

MINI ബ്രാൻഡും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ആറുമാസത്തിനിടെ 504 വാഹനങ്ങൾ വിറ്റഴിച്ച് 70 ശതമാനം വളർച്ച നേടി. പുതിയ ‘കൺട്രിമാൻ സി’ മോഡലിനും പ്രത്യേക പതിപ്പുകൾക്കുമുള്ള ആവശ്യകതയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.

ഇതിനൊപ്പം BMW Motorrad 2,327 മോട്ടോർസൈക്കിളുകളും വിറ്റഴിച്ചു. അടുത്തിടെ വിപണിയിലെത്തിയ പുതിയ ‘എഫ് 450 ജിഎസ്’ മോഡലിന്റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതായും കമ്പനി അറിയിച്ചു.

ഈ വർഷം ആദ്യ ആറുമാസത്തിനിടെ 11 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച ബിഎംഡബ്ല്യു, ശേഷിക്കുന്ന മാസങ്ങളിൽ 14 പുതിയ മോഡലുകൾ കൂടി പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. രാജ്യത്തുടനീളമുള്ള റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവിൽ 40 നഗരങ്ങളിലായി 100 ടച്ച്‌പോയിന്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഈ വർഷം 19 പുതിയ ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക