സേവനമെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചവരാണ് സത്യസായി ബാബയുടെ അനുയായികളെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യസായി ബാബയുടെ ക്ഷണം ലഭിച്ചതുകൊണ്ടാണ് പുട്ടപർത്തിയിൽ എത്താൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യസായി ബാബയുടെ 101-ാം ജന്മവാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ കേന്ദ്ര കൽക്കരി മന്ത്രി ജെ. കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു.
ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി രാവിലെ പുട്ടപർത്തിയിലെത്തിയ മുഖ്യമന്ത്രിയെ പ്രശാന്തി നിലയത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. തുടർന്ന് സായ് കുൽവന്ത് ഹാളിലെ സത്യസായി ബാബയുടെ മഹാസമാധിയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ഒരു കേരള മുഖ്യമന്ത്രി ആദ്യമായാണ് പുട്ടപർത്തിയിലെത്തുന്നത്. ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി പിന്നീട് കോട്ടയത്തേക്ക് പോകും.
അതേസമയം, ശബരിമലയെ തിരുപ്പതിയുടെ മാതൃകയിൽ ആധുനിക തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനായി കേരള സർക്കാർ വിപുലമായ വികസന പദ്ധതിക്ക് രൂപം നൽകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ തീർഥാടനകാലം അവസാനിച്ചാലുടൻ പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിക്കും. അടുത്ത തീർഥാടന സീസണിന് മുമ്പ് നിർമാണ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ശബരിമലയിലും തീർഥാടന പാതകളിലും ദീർഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടുകളില്ലാതെ ദർശനം നടത്താൻ കഴിയുന്ന തരത്തിൽ കൂടുതൽ കാര്യക്ഷമമായ സൗകര്യങ്ങൾ ഒരുക്കും. വികസന പദ്ധതി യാഥാർഥ്യമാകുന്നതോടെ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
