കന്യാസ്ത്രീയായതുകൊണ്ട് പിതൃസ്വത്തിലുള്ള അവകാശം നഷ്ടപ്പെടില്ല; നിർണായക വിധിയുമായി ഹൈക്കോടതി

മതപരമായ ജീവിതം സ്വീകരിച്ച് കന്യാസ്ത്രീയായെന്ന കാരണത്താൽ പിതൃസ്വത്തിലുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം കന്യാസ്ത്രീകൾക്കും പുരോഹിതന്മാർക്കും സ്വത്തവകാശത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. സന്യാസജീവിതം സ്വീകരിക്കുന്നതിലൂടെ ഒരാൾക്ക് കുടുംബസ്വത്തിലുള്ള അനന്തരാവകാശം നഷ്ടമാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ കുടുംബസ്വത്തിന്റെ നഷ്ടപരിഹാരത്തുക വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കുടുംബസ്വത്തിന്റെ നഷ്ടപരിഹാരമായി ലഭിച്ച 3,74,34,449 രൂപ ആറ് സഹോദരങ്ങൾക്കും തുല്യമായി വീതിച്ചുനൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് 66കാരനായ ജോസ് എ.എം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

സഹോദരി കന്യാസ്ത്രീയായി സന്യാസജീവിതം സ്വീകരിച്ചതോടെ ലൗകികജീവിതം ഉപേക്ഷിച്ചെന്നും നിയമപരമായി ‘സിവിൽ ഡെത്ത്’ സംഭവിച്ചെന്നും അതിനാൽ പിതൃസ്വത്തിൽ അവകാശമില്ലെന്നുമായിരുന്നു ജോസിന്റെ വാദം. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. ക്രിസ്ത്യൻ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും അനന്തരാവകാശ കാര്യത്തിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.

മതപരമായ ജീവിതം സ്വീകരിച്ചുവെന്നതുകൊണ്ടുമാത്രം അനന്തരാവകാശമായോ വിൽപ്പത്രം വഴിയോ ലഭിക്കുന്ന സ്വത്ത് നഷ്ടപ്പെടില്ലെന്ന് 2017ലെ ഡിവിഷൻ ബെഞ്ച് വിധിയും കോടതി ചൂണ്ടിക്കാട്ടി. മോളി ജോസഫ് വേഴ്‌സസ് ജോർജ് സെബാസ്റ്റ്യൻ (1997) കേസിലെ സുപ്രീംകോടതി വിധിയും പരാമർശിച്ചു. നിയമനിർമാണത്തിലൂടെ നിലവിൽ വന്ന നിയമങ്ങൾക്ക് വ്യക്തിനിയമങ്ങളെയും ആചാരങ്ങളെയും മറികടക്കാൻ കഴിയുമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

മറ്റ് സഹോദരങ്ങൾ മാതാപിതാക്കളുടെ വീട് വിട്ടുപോയതിനാൽ ഭൂമി നഷ്ടപ്പെട്ടതിന്റെ വൈകാരിക ആഘാതം തനിക്കുണ്ടായ അത്രയും അവർക്കുണ്ടായിട്ടില്ലെന്നും അതിനാൽ നഷ്ടപരിഹാരത്തുകയിൽ അവർക്ക് അവകാശമില്ലെന്നുമായിരുന്നു ജോസിന്റെ മറ്റൊരു വാദം. എന്നാൽ, മാതാപിതാക്കളുടെ വീട് വിട്ടുപോയതുകൊണ്ട് മാത്രം കുടുംബസ്വത്തിനോടുള്ള സഹോദരങ്ങളുടെ അവകാശമോ വൈകാരികബന്ധമോ ഇല്ലാതാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബസ്വത്തിന്റെ സഹഉടമയെന്ന നിലയിൽ ഭൂമി കൈകാര്യം ചെയ്തിരുന്നുവെന്ന കാരണത്താൽ നഷ്ടപരിഹാരത്തുക മുഴുവനായി സ്വന്തമാക്കാനും ജോസിന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.

കുടുംബസ്വത്തിലുള്ള അവകാശം ഒരു സഹോദരൻ ഒത്തുതീർപ്പ് കരാറിലൂടെ ഉപേക്ഷിച്ചിരുന്നുവെന്നും ജോസ് വാദിച്ചു. എന്നാൽ, കരാർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ നിയമപരമായി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥാവരസ്വത്തിലെ അവകാശങ്ങൾ സൃഷ്ടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന രേഖകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. നേരത്തെ നടന്ന കുടുംബ ഒത്തുതീർപ്പ് രേഖപ്പെടുത്തുന്ന മെമ്മോറാണ്ടത്തിന് രജിസ്ട്രേഷൻ ആവശ്യമില്ലെങ്കിലും, ഇവിടെ സഹോദരന്റെ സ്വത്തവകാശം ഇല്ലാതാക്കുന്നതായിരുന്നു കരാറെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ജോസ് അപ്പീൽ നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച അപ്പീൽ പരിഗണിക്കും.

മറുപടി രേഖപ്പെടുത്തുക