ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്കിടെ ദ്വീപിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള കരാറിന് ഡെൻമാർക്ക് പാർലമെന്റിന്റെ ഏകകണ്ഠമായ അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 109 അംഗങ്ങളും കരാറിനെ അനുകൂലിച്ചു. 179 അംഗങ്ങളുള്ള പാർലമെന്റിലെ ശേഷിക്കുന്ന 70 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കരാറിനെ എതിർത്ത് ആരും വോട്ട് ചെയ്തില്ല.
കരാർ പ്രകാരം ഗ്രീൻലൻഡിലെ നിലവിലുള്ള പിറ്റുഫിക് ബഹിരാകാശ സൈനിക താവളത്തിന്റെ പ്രവർത്തനങ്ങൾ അമേരിക്കയ്ക്ക് വിപുലീകരിക്കാം. കൂടാതെ രണ്ട് പുതിയ സ്ഥലങ്ങളിൽ സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കാനും അനുമതിയുണ്ട്. ട്രംപിന്റെ നിർദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വിന്യാസവും തുടർവികസനവും കരാറിന്റെ ഭാഗമാണ്.
അതേസമയം, ഗ്രീൻലൻഡിനുമേലുള്ള ഡെൻമാർക്കിന്റെ പരമാധികാരം കരാർ വീണ്ടും ഉറപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം സ്വയം നിർണയാവകാശമുള്ള ജനവിഭാഗമാണ് ഗ്രീൻലൻഡുകാർ എന്നും കരാറിൽ വ്യക്തമാക്കുന്നു. ഡെൻമാർക്കിന്റെ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡെൻമാർക്കിൽ പാർലമെന്റിന്റെ അംഗീകാരം ആവശ്യമായിരുന്നെങ്കിലും അമേരിക്കയിൽ ഈ കരാറിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ല. കോപ്പൻഹേഗനും ഗ്രീൻലൻഡ് തലസ്ഥാനമായ നൂക്കും കരാർ അംഗീകരിച്ചതായി ഔദ്യോഗികമായി വാഷിങ്ടണിനെ അറിയിക്കുന്നതോടെ കരാർ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കയും ഡെൻമാർക്കും ഗ്രീൻലൻഡും കരാറിൽ ഒപ്പുവെച്ചത്. തന്ത്രപ്രധാനമായ ആർട്ടിക് മേഖലയിലെ ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്കിടെ മാസങ്ങളോളം നീണ്ട നയതന്ത്ര സംഘർഷങ്ങൾക്കൊടുവിലായിരുന്നു കരാർ.
ഗ്രീൻലൻഡ് സ്വന്തമാക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതും തള്ളിക്കളയാനാകില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ യൂറോപ്യൻ നാറ്റോ സഖ്യകക്ഷികൾ രംഗത്തെത്തിയതോടെ അറ്റ്ലാന്റിക് കടന്നുള്ള ബന്ധങ്ങളിലും സംഘർഷമുണ്ടായി.
നവംബർ മൂന്നിന് ഗ്രീൻലൻഡ് പാർലമെന്റും കരാറിന് അംഗീകാരം നൽകിയിരുന്നു. 16 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഏഴ് പേർ വിട്ടുനിന്നു. ഇതിന് പിന്നാലെ നവംബർ നാലിന് ഗ്രീൻലൻഡ് അടയാളപ്പെടുത്തിയ പടിഞ്ഞാറൻ അർധഗോളത്തിന്റെ ഭൂപടം ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഭൂപടത്തിൽ ഗ്രീൻലൻഡിന് മുകളിൽ ‘നമ്മുടെ ഭൂമി’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും നാറ്റോയുടെ ആർട്ടിക് മേഖലയിലെ സ്വാധീനത്തിനും ഗ്രീൻലൻഡിന്റെ നിയന്ത്രണം നിർണായകമാണെന്നാണ് ട്രംപിന്റെ വാദം. ഉത്തരധ്രുവം വഴി എത്താവുന്ന ബാലിസ്റ്റിക്, ക്രൂയിസ്, ഹൈപ്പർസോണിക് മിസൈലുകളെ കണ്ടെത്താനും പിന്തുടരാനും തകർക്കാനും ലക്ഷ്യമിടുന്ന ഗോൾഡൻ ഡോം പദ്ധതിയിൽ ഗ്രീൻലൻഡിന് പ്രധാന പങ്കുണ്ടാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
അതേസമയം, ആർട്ടിക് മേഖലയിൽ നാറ്റോയുടെ സൈനിക സാന്നിധ്യം വർധിക്കുന്നതിനെ റഷ്യ നിരന്തരം വിമർശിക്കുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് മോസ്കോയുടെ നിലപാട്.
