‘മാർക്സിസ്റ്റ് വിരുദ്ധജ്വരത്തിന് ചികിത്സ വേണം’; മുൻ ജഡ്ജി കമാൽ പാഷക്കെതിരെ പി. ജയരാജൻ

മുൻ ജഡ്ജി കമാൽ പാഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി. ജയരാജൻ. സിപിഐഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ ‘സ്വയം പ്രഖ്യാപിത നാടുവാഴി’ എന്ന് വിശേഷിപ്പിച്ച മുൻ വിധികർത്താവിന് മാർക്സിസ്റ്റ് വിരുദ്ധജ്വരമാണെന്ന് ജയരാജൻ പരിഹസിച്ചു. ഈ ജ്വരത്തിന് ചികിത്സ നൽകണമെന്നും അത് സ്വതന്ത്രമായ നീതിനിർവഹണ സംവിധാനത്തിന് കരുത്തുപകരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കമാൽ പാഷയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു വിമർശനം.

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ വാർത്താവതരണത്തെയും ജയരാജൻ വിമർശിച്ചു. കേസിൽ താനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ട സംഭവത്തെ ചില മാധ്യമങ്ങൾ ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം’ എന്ന് വിശേഷിപ്പിച്ചത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ തങ്ങളെയാണ് ആക്രമിച്ചതെന്നും പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത് അന്നത്തെ പൊലീസായിരുന്നുവെന്നും ജയരാജൻ കുറിച്ചു.

ആക്രമണത്തിൽ തങ്ങൾക്ക് പരിക്കേറ്റുവെന്ന് പൊലീസിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നിട്ടും കോടതി വിധി വന്ന സാഹചര്യത്തിൽ തങ്ങൾ ആക്രമിക്കപ്പെട്ടതിനെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലാണ് ചില മാധ്യമങ്ങൾ വാർത്തകൾ നൽകിയതെന്നും ഇത്തരം മാധ്യമസമീപനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും ജയരാജൻ ആരോപിച്ചു.

കേസിൽ തങ്ങളെയാണ് അക്രമികളായി ചിത്രീകരിക്കാൻ മുസ്ലിം ലീഗ് ശ്രമിച്ചതെന്നും അതിനായി സാക്ഷികളെ സ്വാധീനിച്ച് കോടതിയിൽ കള്ളമൊഴി നൽകിക്കാൻ ശ്രമിച്ചെന്നും ജയരാജൻ ആരോപിച്ചു. എന്നാൽ, ലീഗ് കൊണ്ടുവന്ന ചില സാക്ഷികൾ കോടതിയിൽ അസത്യം പറയാൻ തയ്യാറായില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. വിദേശത്തുനിന്ന് കേരളത്തിലെത്തി കോടതിയുടെ പരിസരത്തുവരെ എത്തിയ ഒരു സാക്ഷിയെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും തെറ്റായ മൊഴി നൽകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ പിന്മാറിയതെന്നും ജയരാജൻ കുറിച്ചു.

കേസിന്റെ തുടക്കത്തിൽ തങ്ങൾക്കെതിരെ മൊഴി നൽകാനെത്തിയ രണ്ട് സാക്ഷികൾക്ക്, തങ്ങൾ ആരോപിക്കുന്ന കുറ്റം തങ്ങൾക്കെതിരെയും ബാധകമാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് സിബിഐ അന്വേഷണം വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. സത്യത്തിലും നീതിയിലും വിശ്വസിക്കുന്നവർക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാനാകില്ലെന്നും പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിയത് അതുകൊണ്ടാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കേസിലെ വിധിക്ക് പിന്നാലെ തുടർ നിയമനടപടികൾ സ്വാഭാവികമായി മുന്നോട്ടുപോകുമെന്നും രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന പ്രവണതയെ സമൂഹം ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക