സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗം; സമസ്ത എ.പി വിഭാഗത്തിനെതിരെ കെ.കെ. ശൈലജ

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിലൂടെ മതാചാരങ്ങൾ ലംഘിക്കപ്പെടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു.

സമസ്ത എ.പി വിഭാഗം പുറത്തിറക്കിയ സർക്കുലർ കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. കേരളത്തിലെ മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടി വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. എംഎൽഎമാർ, ജനപ്രതിനിധികൾ, ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ടെക്നോക്രാറ്റുകൾ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ അവർ സാന്നിധ്യമറിയിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകൾ പൊതുപരിപാടികളിൽ പങ്കെടുക്കുകയും വേദി പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

അന്യപുരുഷന്മാർക്കിടയിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും മതാഘോഷങ്ങളിൽ അതിർവരമ്പുകൾ പാലിക്കണമെന്നുമാണ് സമസ്ത എ.പി വിഭാഗം മഹല്ലുകൾക്ക് നൽകിയ സർക്കുലറിലെ നിർദേശം. പരിപാടികളിൽ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മഹല്ല്, പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ ജാഗ്രത പുലർത്തണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക