പിണറായി വിജയനെതിരെ മൊഴി പറയാത്തതിനാലായിരുന്നു എന്റെ അറസ്റ്റ് ; ഇഡിക്കെതിരെ ബിനീഷ് കോടിയേരി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ തയ്യാറാകാത്തതിന്റെ പേരിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്തന്നെ അറസ്റ്റ് ചെയ്തതെന്ന് ബിനീഷ് കോടിയേരി . ഇഡിക്ക് വഴങ്ങാതിരുന്നതുകൊണ്ടാണ് തന്റെ വീടും റെയ്ഡ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ജയിലിലായിരുന്ന കാലഘട്ടം ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നുവെന്നും പല ഘട്ടങ്ങളിലും മാനസികമായി തളർന്നുപോയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.

ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ബിനീഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “എന്തുകൊണ്ടാണ് പാർട്ടിയിലെ ആരും തന്നെ സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യാത്തത് എന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്. പാർട്ടി തിരിഞ്ഞുനോക്കിയില്ലെന്ന അമ്മയുടെ പ്രതികരണത്തിന് പിന്നിലെ സാഹചര്യങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ എന്നും പാർട്ടി കുടുംബമാണ്,” അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടിയോടാണെന്നും, തെറ്റുകൾ സംഭവിച്ചാൽ തിരുത്തേണ്ടതും പാർട്ടിയാണെന്നും ബിനീഷ് അഭിപ്രായപ്പെട്ടു. അതാണ് പാർട്ടി സംവിധാനത്തിന്റെ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിൽവാസത്തിനിടെ കടുത്ത മാനസിക സമ്മർദം നേരിട്ടപ്പോൾ പുസ്തകവായനയിലേക്ക് തിരിയാനാണ് പിതാവും മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ ഉപദേശിച്ചതെന്നും ബിനീഷ് വെളിപ്പെടുത്തി.

ഇഡി നടത്തിയ റെയ്ഡിനിടെ പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും ബിനീഷ് പ്രതികരിച്ചു. പിണറായി വിജയനെ തടഞ്ഞുവെച്ച് ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തിയത് പാർട്ടി പ്രവർത്തകരിലും നേതാക്കളിലും വലിയ വൈകാരിക പ്രതികരണമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും, ഇഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധം വൈകാരിക പ്രതികരണത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ വീണ്ടും സിപിഎം അംഗത്വത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചും ബിനീഷ് വിശദീകരിച്ചു. ഇഡിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജയിൽമോചിതനായ ശേഷം അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയിരുന്നുവെന്നും, പാർട്ടിയുടെ ആഭ്യന്തര പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അംഗത്വം അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക