ബെലാറസിന് സെലെൻസ്കിയുടെ അന്ത്യശാസനം; വ്യോമ പ്രതിരോധ സംവിധാനം നീക്കിയില്ലെങ്കിൽ സൈനിക നടപടി

ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്കി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകി. ബെലാറസിന്റെ തെക്കൻ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വ്യോമ പ്രതിരോധ റഡാറുകളും അനുബന്ധ സൈനിക സംവിധാനങ്ങളും നീക്കം ചെയ്യാത്ത പക്ഷം ഉക്രെയ്ൻ നേരിട്ട് സൈനിക നടപടി സ്വീകരിക്കുമെന്നാണ് സെലെൻസ്കിയുടെ മുന്നറിയിപ്പ്.

ബെലാറസിൽ നിന്നുള്ള കുട്ടികളുടെ ഫുട്ബോൾ ടീമുമായി യാത്ര ചെയ്തിരുന്ന ബസിന് നേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടന്നെന്ന ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം കൂടുതൽ രൂക്ഷമായത്. ആക്രമണത്തിൽ യുവ അത്‌ലറ്റുകൾക്കൊപ്പമുണ്ടായിരുന്ന പരിശീലകന്റെ ഭാര്യ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ബെലാറസ് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന്, രാജ്യത്തെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവർ അതിന് വലിയ വില നൽകേണ്ടിവരുമെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ മുന്നറിയിപ്പ് നൽകിയിരുന്നു. ബസ് ആക്രമണത്തെയും മറ്റ് പ്രകോപനപരമായ നടപടികളെയും കുറിച്ച് കീവ് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഉക്രെയ്ൻ നിഷേധിച്ചു. എന്നാൽ ബെലാറസ് സമാധാനപരമായ ഉദ്ദേശ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്ന് തെളിയിക്കണമെങ്കിൽ അതിർത്തി മേഖലകളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളും റീലേ ട്രാൻസ്മിറ്ററുകളും നീക്കം ചെയ്യണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു.

“ഇത് നടപ്പാക്കാൻ ലുകാഷെങ്കോയ്ക്ക് ഒരു ആഴ്ച മതിയാകും. അദ്ദേഹം അത് ചെയ്യാത്ത പക്ഷം ഞങ്ങൾ തന്നെ നടപടി സ്വീകരിക്കും,” എന്നാണ് വെള്ളിയാഴ്ച കീവിൽ നടന്ന വാർത്താസമ്മേളനത്തിൽ സെലെൻസ്കി പറഞ്ഞത്.

അതേസമയം , ഒരു രാജ്യത്തിനെതിരെയും യുദ്ധം ചെയ്യാൻ ബെലാറസിന് ഉദ്ദേശ്യമില്ലെന്നും ആരെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും ലുകാഷെങ്കോ ആവർത്തിച്ചു. എന്നാൽ ബെലാറസിന്റെ സുരക്ഷയെ ബാധിക്കുന്ന നടപടികൾക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ സംഭവവികാസങ്ങൾക്കിടെ ബെലാറസിന്റെ എണ്ണ ശുദ്ധീകരണ മേഖലയെ പരോക്ഷമായി ലക്ഷ്യമിട്ടും സെലെൻസ്കി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ കിഴക്കൻ യൂറോപ്പിൽ പുതിയൊരു സംഘർഷസാഹചര്യത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക