അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ നയത്തിനെതിരെ 25 അമേരിക്കൻ സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിന് രംഗത്തെത്തി. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയ നടപടിയാണ് വിവാദമായത്.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിന്റെയും ഗവർണർ കാത്തി ഹോചുലിന്റെയും നേതൃത്വത്തിൽ സംസ്ഥാനങ്ങൾ അമേരിക്കൻ അന്താരാഷ്ട്ര വ്യാപാര കോടതിയെ സമീപിച്ചു. പുതിയ തീരുവകൾ നിയമവിരുദ്ധമാണെന്നും അവ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
നിർബന്ധിത തൊഴിൽ രീതികൾ തടയുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടെന്ന ആരോപണം ഉന്നയിച്ചാണ് ട്രംപ് ഭരണകൂടം 10 മുതൽ 12.5 ശതമാനം വരെ അധിക തീരുവ പ്രഖ്യാപിച്ചത്. എന്നാൽ, ഈ നീക്കം അമേരിക്കൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിർബന്ധിത തൊഴിലിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ നേരത്തേ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് മേലുള്ള തീരുവ നിരക്കിൽ പിന്നീട് ഇളവ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
