‘ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്’; പ്രിയദർശിനി പദ്ധതി വിവാദത്തിൽ സർക്കാരിനെതിരെ ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശത്തിനെതിരെ മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. മൂന്ന് മാസം മാത്രം പിന്നിട്ട സർക്കാരിന് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനുള്ള അവകാശമില്ലെന്നും സർക്കാർ ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഭരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചത്. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് എവിടെയും ഏത് ബസിലും സൗജന്യമായി യാത്ര ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വോട്ട് നേടിയ ശേഷം, ഇപ്പോൾ നാമമാത്രമായ ചില ബസുകളിൽ മാത്രം ആനുകൂല്യം പരിമിതപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സൗജന്യ യാത്രയ്ക്കായി സ്ത്രീകൾ തിരക്കുകൂട്ടുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി അവരെ അധിക്ഷേപിക്കുകയാണെന്നും, പണം ഉണ്ടായിട്ടും സൗജന്യ യാത്രയ്ക്കായി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക