സംസ്ഥാനത്ത് കനത്ത മഴ; 8 ജില്ലകളിൽ റെഡ് അലർട്ട്, മണ്ണിടിച്ചിലിൽ രണ്ട് മരണം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയെ തുടർന്ന് കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ജില്ലയിൽ വിവിധ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായിരിക്കുകയാണ്.

ഇടുക്കി പൊലീസ് സ്റ്റേഷൻ പരിസരത്തേക്കും വാഗമണ്ണിൽ ഒരു വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. കുമളി-അടിമാലി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാതയിൽ മണ്ണും പാറക്കല്ലുകളും വീണതിനെ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു.

മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലുകൾക്കും ഉരുൾപൊട്ടലുകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക