കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമാകും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 4 വരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ വ്യാപിച്ചുകിടക്കുന്ന ന്യൂനമർദ പാത്തിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള പുതിയ ന്യൂനമർദവുമാണ് മഴ ശക്തമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ചക്രവാതച്ചുഴി ജൂലൈ 3-ഓടെ ന്യൂനമർദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്.

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കും.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അധികൃതർ നിർദേശിച്ചു. വീടുകളുടെ സുരക്ഷ ഉറപ്പാക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക