അന്തരിച്ച മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ ചോദ്യമുന്നയിച്ചു. “കേരളത്തിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ അദ്ദേഹത്തിന് വിശ്വാസം സി.ബി.ഐയിൽ ആകുന്നത് എന്തുകൊണ്ടാണ്? ഇ.ഡി , സി.ബി.ഐ എന്നീ കേന്ദ്ര ഏജൻസികളിൽ വി.ഡി. സതീശന് വല്ലാത്ത വിശ്വാസമുണ്ടാകുന്നത് അപകടകരമായ കാര്യമാണ്. ഇക്കാര്യം കേരളീയ സമൂഹം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്.”
അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന ആദ്യ കേസാണ് നവീൻ ബാബുവിന്റേത് എന്നത് ശ്രദ്ധേയമാണ്. പോലീസിന്റെ നിലവിലെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം മുൻനിർത്തിയാണ് കേസ് സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ അടിയന്തിര തീരുമാനമെടുത്തത്. ഇതിനെതിരെയാണ് ഇപ്പോൾ സി.പി.ഐ.എം കണ്ണൂർ നേതൃത്വം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
