പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധ പ്രതിഷേധം 36-ാം ദിവസത്തിലേക്ക് കടന്നു. റാവലക്കോട്ടിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടിയ റാലിയിൽ സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നേതാവ് സർദാർ അമ്മാൻ ഖാൻ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
പി.ഒ.കെ. ഒരു “തർക്കപ്രദേശം” അല്ലെന്നും, പാകിസ്ഥാൻ നിർബന്ധിതമായി അധീനതയിലാക്കിയ പ്രദേശമാണെന്നും സർദാർ അമ്മാൻ ഖാൻ ആരോപിച്ചു. പ്രതിഷേധം ലക്ഷ്യം കാണുന്നതുവരെ സമരം തുടരുമെന്നും, അതിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. റാലിക്കിടെ പാകിസ്ഥാൻ സർക്കാരിനെതിരായ മുദ്രാവാക്യങ്ങളും ഉയർന്നു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ പാകിസ്ഥാൻ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. റാവലക്കോട്ടിൽ നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു വെടിവെപ്പെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തിൽ യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ അമിത ബലപ്രയോഗം നടത്തിയതായും, നിർബന്ധിത തിരോധാനങ്ങൾ, അന്യായ അറസ്റ്റുകൾ, ഭീഷണിപ്പെടുത്തൽ എന്നിവ നടക്കുന്നുണ്ടെന്നും പാർട്ടി ആരോപിച്ചു.
കൊലപാതകങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, പ്രതിഷേധക്കാർക്കെതിരായ നടപടികൾ എന്നിവ സംബന്ധിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് യുകെപിഎൻപി ആവശ്യപ്പെട്ടു. കൂടാതെ, അന്യായമായി തടവിലാക്കിയവരെ യോഗ്യതയുള്ള കോടതികൾക്ക് മുന്നിൽ ഹാജരാക്കുക, സാധാരണ ജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, ആരോഗ്യ സേവനങ്ങൾ, മാനുഷിക സഹായം എന്നിവ ഉറപ്പാക്കുക, ആശയവിനിമയ നിയന്ത്രണങ്ങൾ പിൻവലിക്കുക, സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും പാർട്ടി മുന്നോട്ടുവച്ചു.
പി.ഒ.കെ.യിലെ സാഹചര്യം വിലയിരുത്താൻ ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം സ്വതന്ത്ര വസ്തുതാന്വേഷണ സംഘം നിയോഗിച്ച് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും യുകെപിഎൻപി അഭ്യർഥിച്ചു.
