വൈദ്യുതി പ്രതിസന്ധി: നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടമെടുത്ത 530 മെഗാവാട്ട് വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യതയും പ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ഭരണകാലത്ത് ചെയ്തിരുന്ന ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ പിന്നീട് റദ്ദാക്കിയതും, സോളാർ വൈദ്യുതി രാത്രി ഉപയോഗത്തിനായി സംഭരിക്കാനാകാത്തതും നിലവിലെ പ്രതിസന്ധിക്ക് കാരണമായ ഘടകങ്ങളാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ഉപയോഗത്തിൽ പൊതുജനങ്ങൾ മിതത്വം പാലിക്കണമെന്നും, പ്രത്യേകിച്ച് എയർ കണ്ടീഷണറുകളും അലങ്കാര വിളക്കുകളും ഉൾപ്പെടെയുള്ള ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പ്രതിസന്ധി മറികടക്കാൻ സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പീക് സമയങ്ങളിൽ ഒരു മണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആവശ്യമായതിനെക്കാൾ 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

മറുപടി രേഖപ്പെടുത്തുക