പുലിക്കളിയെക്കുറിച്ച് നടത്തിയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളി നേരിട്ട് കാണാത്തതുകൊണ്ടാണ് ശ്രീരാമൻ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും, കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അയ്യന്തോൾ പുലിക്കളി സംഘം ആവശ്യപ്പെട്ടു.
വയറിൽ ചിത്രം വരച്ച് കുലുക്കിയുള്ള ഒരു കല കാണുമ്പോൾ അത് ശരിയാണെന്ന് തോന്നുന്നില്ലെന്നാണ് ശ്രീരാമൻ പ്രതികരിച്ചത്. പലരോടും അന്വേഷിച്ചെങ്കിലും ഇത്തരമൊരു നൃത്തരൂപം നിലനിൽക്കുന്നതായി അറിയാൻ കഴിഞ്ഞില്ലെന്നും അതിനാൽ തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്ന മുഖവുരയോടെയായിരുന്നു കഴിഞ്ഞ ദിവസം ശ്രീരാമൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഈ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നും ലോകത്തെവിടെയും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹാസരൂപത്തിൽ കുറിച്ചിരുന്നു.
പുലിക്കളിയെക്കുറിച്ചുള്ള പരാമർശം കലാകാരന്മാരെ അപമാനിക്കുന്നതാണെന്നാണ് അയ്യന്തോൾ പുലിക്കളി സംഘത്തിന്റെ നിലപാട്. ശ്രീരാമൻ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും സംഘം മുന്നോട്ടുവച്ചിട്ടുണ്ട്.
