മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗീതാനന്ദൻ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഒന്നാം പ്രതി ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ, 11-ാം പ്രതി അനിൽകുമാർ എന്നിവർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കൽപ്പറ്റ സെഷൻസ് കോടതി പ്രതികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ മരവിപ്പിച്ചതോടെ പ്രതികൾക്ക് ജാമ്യത്തിൽ പുറത്തിറങ്ങാനാകും. ഇതിനായി ഓരോ പ്രതിയും 46,000 രൂപ വീതം കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു.
അബ്ദുൾ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾക്കെതിരായ കേസ്. ശിക്ഷാ വിധിക്കെതിരെ നൽകിയ അപ്പീലിൽ വിശദമായ വാദം പിന്നീട് കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കീഴ്‌ക്കോടതി വിധിയിൽ പിഴവുണ്ടെന്ന നിരീക്ഷണം ഹൈക്കോടതി നേരത്തെ നടത്തിയിരുന്നു. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന കണ്ടെത്തൽ അന്തിമ വിധിയുടെ ഭാഗമാക്കിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചിരുന്നു. കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വധശ്രമക്കേസ് നിലനിൽക്കില്ലെന്നും കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
