സൗദിയിലെ നജ്‌റാനെ ലക്ഷ്യമിട്ട് ഹൂത്തികളുടെ ഡ്രോൺ ആക്രമണം; വിമാനത്താവളവും അരാംകോ കേന്ദ്രവും ലക്ഷ്യം

സൗദി അറേബ്യയുടെ തെക്കൻ നജ്‌റാൻ മേഖലയെ ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യമനിലെ ഹൂത്തി വിമതർ. നജ്‌റാൻ വിമാനത്താവളത്തിനും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ ഒരു കേന്ദ്രത്തിനും നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഹൂത്തികളുടെ അവകാശവാദം.

ഹൂത്തി സൈനിക വക്താവ് യഹ്‌യ സാരി സാമൂഹികമാധ്യമമായ ‘എക്‌സി’ലൂടെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. നജ്‌റാൻ വിമാനത്താവളത്തിലെയും അരാംകോ കേന്ദ്രത്തിലെയും സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് ഡ്രോണുകൾ ഉപയോഗിച്ച് വിജയകരമായി ആക്രമിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

സൗദി ഡ്രോണുകൾ തങ്ങളുടെ നിയന്ത്രണത്തിലുള്ള സാദ പ്രവിശ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഹൂത്തികൾ വ്യക്തമാക്കി. ഹൂത്തികളുടെ അവകാശവാദത്തോട് സൗദി അധികൃതരോ അരാംകോയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂത്തി കേന്ദ്രങ്ങൾക്കെതിരെ 81 സൈനിക നടപടികൾ നടത്തിയതായി യെമൻ സർക്കാർ സേന അറിയിച്ചു. ആക്രമണങ്ങളിൽ നിരവധി ഹൂത്തി അംഗങ്ങളും കമാൻഡർമാരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി സർക്കാർ സേനയുടെ വക്താവ് വ്യക്തമാക്കി.

2014 മുതൽ ആഭ്യന്തരയുദ്ധത്തിൽ തുടരുന്ന രാജ്യമാണ് യെമൻ. തലസ്ഥാനമായ സന ഉൾപ്പെടെ വടക്കൻ യെമന്റെ വലിയൊരു ഭാഗം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. 2015ൽ യെമൻ സർക്കാരിനെ പിന്തുണച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക ഇടപെടൽ ആരംഭിച്ചു.

ഹൂത്തികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നതിനിടെ മേഖലയിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക