നേതൃത്വത്തെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ തുടർന്നുവരുന്നതിനിടെ കോൺഗ്രസ് മീഡിയ പാനലിസ്റ്റുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ മാത്രമേ പൊതുവേദികളിൽ അവതരിപ്പിക്കാവൂ എന്നും, ഭിന്നസ്വരങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് നിർദേശിച്ചു.
മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയുടെ നയങ്ങളും ഔദ്യോഗിക നിലപാടുകളും മാത്രം അവതരിപ്പിക്കണമെന്നും, പാർട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ജനങ്ങൾക്കിടയിലെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളോ സംഘടനാ വിഷയങ്ങളോ പൊതുവേദികളിൽ ഉന്നയിക്കരുത്. അത്തരം വിഷയങ്ങൾ പാർട്ടിയുടെ ആഭ്യന്തര വേദികളിൽ ചർച്ച ചെയ്ത് സംഘടനാ സംവിധാനത്തിലൂടെ പരിഹരിക്കണമെന്നുമാണ് നിർദേശം.
പാർട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും, മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പാർട്ടിയുടെ ഐക്യവും അച്ചടക്കവും ഉയർത്തിപ്പിടിക്കണമെന്നും ദീപ്തി മേരി വർഗീസ് നൽകിയ കത്തിൽ പറയുന്നു.
നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ വിവാദമായ സാഹചര്യത്തിലാണ് ഈ നടപടി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെയും ഇടപെടലിനെ തുടർന്നാണ് കെപിസിസി മാർഗനിർദേശങ്ങൾ പുറത്തിറക്കിയതെന്നാണ് വിവരം.
