ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ വിശദീകരണവുമായി രംഗത്തെത്തി. ആശുപത്രികളിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്നും, നിലവിലെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ഭക്ഷണ വിതരണം എന്ന പേരിൽ സംഘടിതമായി സ്ഥലം കൈയേറിയ സാഹചര്യം ഉണ്ടായിരുന്നുവെന്നും, അതിനെയാണ് സർക്കാർ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പൊതുവായ നയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ സ്ഥലം കൈയേറുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും, “ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവപ്പെട്ടവർക്ക് ഭക്ഷണം ലഭിക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അത് ആരാണ് നൽകുന്നത് എന്നതല്ല വിഷയമെന്നും” മന്ത്രി വ്യക്തമാക്കി.
അതേസമയം, ആശുപത്രികളിൽ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണത്തിനെതിരായ മന്ത്രിയുടെ മുൻ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കൊടിയും ബാനറും പ്രദർശിപ്പിച്ച് നടത്തുന്ന ഭക്ഷണ വിതരണം അനുവദിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇതിന് പിന്നാലെ, വർഷങ്ങളായി വിവിധ സംഘടനകൾ നടപ്പാക്കിവരുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതി അവസാനിപ്പിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം മനുഷ്യത്വരഹിതമാണെന്ന് ഡിവൈഎഫ്‌ഐ വിമർശിച്ചു. പൊതിച്ചോറ് വിതരണം തുടരുമെന്നും സംഘടന അറിയിച്ചു. ആശുപത്രികളിലെ ഭക്ഷണ വിതരണം തടയാനുള്ള നീക്കത്തിന്റെ ആവശ്യകത എന്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ചോദ്യം ചെയ്തിരുന്നു.
