നിരവധി വിദ്യാർത്ഥികൾ അവധി ആവശ്യപ്പെട്ട് നേരിട്ട് ബന്ധപ്പെട്ടിരുന്നു ; തീരുമാനം വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിന് പിന്നിലെ സാഹചര്യം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ വിശദീകരിച്ചു. ഫൈനൽ മത്സരം കണക്കിലെടുത്ത് നിരവധി വിദ്യാർത്ഥികൾ അവധി ആവശ്യപ്പെട്ട് നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രിയുമായും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും നടത്തിയ ഗൗരവമായ ചർച്ചകൾക്ക് ശേഷമാണ് പൊതുഅവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തെ തുടർന്നാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അവധി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, “തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം” എന്നായിരുന്നു പ്രതികരിച്ചത്. ഞായറാഴ്ച അർധരാത്രി 12.30-ന് ആരംഭിക്കുന്ന ഫൈനൽ മത്സരം വിദ്യാർത്ഥികൾക്ക് പൂർണ ആവേശത്തോടെ ആസ്വദിക്കാനും, മത്സരം കഴിഞ്ഞുള്ള യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക