അഭിഭാഷകയായ ദീപാ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ സംഭവവും അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവും വിവാദമാകുന്നു. കേരള ഹൗസില്‍ മുഖ്യമന്ത്രി വിഡി സതീശനെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം.
ദീപ ജോസഫിന്റെ സന്ദര്‍ശനവും ബന്ധപ്പെട്ട കേസും കുറിച്ച് തത്സമയ റിപ്പോര്‍ട്ട് നല്കിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ആദ്യം അവർ രൂക്ഷമായി പ്രതികരിച്ചത്. പിന്നീട് വിഷയത്തില്‍ ഇടപെട്ട റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോടും കടുത്ത ഭാഷയിലാണ് പ്രതികരണം ഉണ്ടായത്.
“എന്റെ അനുവാദമില്ലാതെ എന്നെ കുറിച്ച് മോശമായി വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയെ ഞാന്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്ത നല്‍കാം. അല്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും. എന്റെ പിറകെ നടന്ന് വാര്‍ത്ത ഉണ്ടാക്കണ്ട. റിപ്പോര്‍ട്ടര്‍ ചാനലിനോടും കൈരളിയോടും സംസാരിക്കാന്‍ താല്പര്യമില്ല,” എന്നായിരുന്നു ദീപ ജോസഫിന്റെ പ്രതികരണം.
ഇതിനിടെ കേസിലെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശവും നടത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലാണ് ദീപ ജോസഫ് പ്രതിയായത്.
ഈ കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദീപ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ദീപ ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ചു.
“ഒരു വനിതാ അഭിഭാഷകയായ നിങ്ങള്‍ എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത്?” എന്നും “അതിജീവിതയുടെ വിവരങ്ങള്‍ എന്തിനാണ് പൊതുഇടങ്ങളില്‍ വെളിപ്പെടുത്തിയത്?” എന്നും കോടതി ചോദിച്ചു. കേസില്‍ തടസഹര്‍ജിയുമായി അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
