പ്രണയ അഭ്യർഥനയ്ക്ക് രാഖികെട്ടി മറുപടി; സ്കൂൾകാലത്തെ രസകരമായ അനുഭവം പങ്കുവച്ച് അഞ്ജലി

തന്റെ സ്കൂൾകാലത്തെ ഒരു രസകരമായ പ്രണയാനുഭവം പങ്കുവച്ച് നടി അഞ്ജലി. നിരന്തരം പ്രണയാഭ്യർഥന നടത്തിയിരുന്ന സഹപാഠിക്ക് രാഖി കെട്ടിയ സംഭവമാണ് നടി ഒരു അഭിമുഖത്തിനിടെ ഓർത്തെടുത്തത്.

തമിഴ് ചിത്രം മഗുഡം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെയാണ് അഞ്ജലി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രണയവുമായി ബന്ധപ്പെട്ട് പ്രചരിച്ച കിംവദന്തികളെക്കുറിച്ചും തുറന്നുപറഞ്ഞത്. കരിയറിന്റെ തുടക്കം മുതൽ തന്നെ പല നടന്മാരുമായും ചേർത്ത് വാർത്തകൾ പ്രചരിച്ചിരുന്നുവെന്നും അത്തരം അഭ്യൂഹങ്ങൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

“ഈ കിംവദന്തികൾ എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരാളുടെ പേര് പറഞ്ഞാൽ പിന്നെ മറ്റൊരാളെക്കുറിച്ച് ചോദിക്കും. അതുകൊണ്ടാണ് ആരുടെയും പേര് പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കാത്തത്. ഇപ്പോൾ എന്റെ ജീവിതത്തിൽ ആരുമില്ല,” അഞ്ജലി വ്യക്തമാക്കി.

പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് മറുപടിയായാണ് സ്കൂൾകാലത്തെ അനുഭവവും നടി പങ്കുവെച്ചത്. ഒരു സഹപാഠി ആവർത്തിച്ച് പ്രണയം അറിയിച്ചപ്പോൾ താൻ അദ്ദേഹത്തിന് രാഖി കെട്ടിയെന്നും എന്നാൽ ആൺകുട്ടി അത് ഉടൻ തന്നെ ഊരി തിരികെ നൽകിയെന്നും അഞ്ജലി ചിരിച്ചുകൊണ്ട് പറഞ്ഞു.

നിലവിൽ താൻ സിനിമകളിലാണ് പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മഗുഡം സിനിമയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു. പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ഇതോടെ ഒരുവിധം വിരാമമിട്ടിരിക്കുകയാണ് നടി.

മറുപടി രേഖപ്പെടുത്തുക