‘ബെത്‌ലഹേം’ സൂപ്പർഹിറ്റായതിൽ സന്തോഷം; റെക്കോർഡുകൾ തുടർച്ചയായി തകരണമെന്ന് പൃഥ്വിരാജ്

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നതിൽ സന്തോഷം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ തുടർച്ചയായി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്നത് ഇൻഡസ്ട്രിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ദായ്റ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘ബെത്‌ലഹേം’ സൂപ്പർഹിറ്റായതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരുകാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രത്തെ ‘ഇൻഡസ്ട്രി ഹിറ്റ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മലയാള സിനിമയിൽ പണ്ട് 10–12 വർഷത്തിലൊരിക്കൽ മാത്രമാണ് ഇത്തരം നേട്ടങ്ങൾ സംഭവിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകൾ ഉണ്ടായെന്നാണ് തന്റെ വിലയിരുത്തലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു സിനിമ സൃഷ്ടിക്കുന്ന റെക്കോർഡ് ഏതാനും മാസങ്ങൾക്കുള്ളിൽ മറ്റൊരു ചിത്രം മറികടക്കുന്നതും പിന്നീട് പുതിയൊരു ചിത്രം വീണ്ടും റെക്കോർഡ് തിരുത്തുന്നതും സിനിമാ വ്യവസായത്തിന് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക സൃഷ്ടിച്ച റെക്കോർഡിനെ ‘ബെത്‌ലഹേം’ മറികടക്കാൻ പോകുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ ആ റെക്കോർഡും അധികം വൈകാതെ മറ്റൊരു ചിത്രം മറികടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെക്കോർഡ് ആരുടെ പേരിലായാലും പ്രശ്നമില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തുടർച്ചയായി റെക്കോർഡുകൾ തകർന്നുകൊണ്ടിരിക്കുമ്പോഴാണ് മലയാള സിനിമാ ഇൻഡസ്ട്രി വളരുന്നതെന്നും പുതിയ സാധ്യതകൾ തുറക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക