കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നു; യുവ നേതൃത്വം വേണമെന്ന് കോൺഗ്രസിൽ ചർച്ച

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസിൽ നേതൃമത്സരം ചൂടുപിടിക്കുന്നു. നിരവധി നേതാക്കളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുന്നത്. ഇതിനായി അര ഡസനോളം നേതാക്കൾ സജീവമായ നീക്കങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

അടൂർ പ്രകാശും വി എസ് സുനിൽകുമാറും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി യു ഡി എഫ് കൺവീനറായ അടൂർ പ്രകാശ് ഡൽഹിയിലെത്തി എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. വി എസ് ശിവകുമാർ കെസി വേണുഗോപാലിനെയും കണ്ടിട്ടുണ്ട്..

അതേസമയം, കോൺഗ്രസ് സംഘടനാ പുനഃസംഘടനക്കും പുതിയ മാനദണ്ഡങ്ങൾക്കും ഒരുങ്ങുകയാണ്. മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ മാതൃക കെപിസിസി-ഡിസിസി പുനഃസംഘടനയിലും നടപ്പാക്കാനാണ് ആലോചന.

55 വയസിന് താഴെയുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ഭരണകാലയളവിൽ സംഘടനയെ സജീവമായി നയിക്കാനും പ്രവർത്തകരുമായി ഇടപെടാനും കഴിവുള്ളവരായിരിക്കണം പുതിയ നേതൃനിരയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഭരണത്തിന്റെ അലസത സംഘടനയെ ബാധിക്കാതിരിക്കാനാണ് പുതിയ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. പാർലമെന്ററി പദവി ലഭിക്കാത്തവരെ സംഘടനയിൽ തിരുകിക്കയറ്റരുതെന്നും സർക്കാരും പാർട്ടിയും തമ്മിൽ മികച്ച ഏകോപനം വേണമെന്നും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക