വെള്ളാപ്പള്ളിയെ ചുമന്നുനടന്നത് ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയെ ശത്രുപക്ഷത്ത് കാണാൻ കാരണമായി; സിപിഎം ഏരിയ കമ്മിറ്റിയിൽ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് കാരണങ്ങളിലൊന്നായി വെള്ളാപ്പള്ളി നടേശനുമായുള്ള പാർട്ടിയുടെ അമിത അടുപ്പത്തെ ചൂണ്ടിക്കാട്ടി സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റിയിൽ വിമർശനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ “ചുമന്നുനടന്നത്” ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയെ ശത്രുപക്ഷത്തായി കാണാൻ ഇടയാക്കിയെന്നാണ് യോഗത്തിലെ വിലയിരുത്തൽ.

വെള്ളാപ്പള്ളിയുമായുള്ള അടുപ്പം ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായതോടൊപ്പം, പാർട്ടിയുടെ ഉറച്ച വോട്ട്ബാങ്കായിരുന്ന പരമ്പരാഗത ഈഴവ വോട്ടുകളിലും ചോർച്ചയുണ്ടായെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനശൈലിയെതിരെയും രൂക്ഷ വിമർശനമുണ്ടായി. പാർട്ടി പ്രവർത്തകരോടുപോലും മോശമായ സമീപനമാണ് ജില്ലാ സെക്രട്ടറി സ്വീകരിച്ചതെന്നും, തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന ആത്മാർഥത ജില്ലാ നേതൃത്വത്തിനില്ലായിരുന്നുവെന്നും ചില അംഗങ്ങൾ ആരോപിച്ചു.

തോമസ് ഐസക്കിനെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തിയത് വലിയ പിഴവായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ദലീമയും പിപി ചിത്തരഞ്ജനും തോൽക്കുമെന്ന് ഉറപ്പായിരുന്നിട്ടും സ്ഥാനാർഥികളായി അടിച്ചേൽപ്പിച്ചുവെന്നാണ് വിമർശനം.

അരൂരിൽഎ എം ആരിഫിനെയോ തോമസ് ഐസക്കിനെയോ പി പ്രസാദിനെയോ മത്സരിപ്പിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായേനെയെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.

അതേപോലെ, ജില്ലയിൽ പോലീസിന്റെ ഏകപക്ഷീയ ഇടപെടലുകൾ ജനങ്ങളെ പാർട്ടിക്കെതിരാക്കാൻ കാരണമായെന്നും വിലയിരുത്തൽ ഉണ്ടായി. തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ താഴെത്തട്ടിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതായും റിപ്പോർട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക