സ്ത്രീത്വത്തെ അപമാനിച്ചതും സ്വകാര്യത ലംഘിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നടൻ വിനായകനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, വ്യക്തിത്വ മോഷണം, സ്വകാര്യതയുടെ ലംഘനം എന്നീ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തെ തുടർന്നാണ് നടപടി.
ആലപ്പുഴയിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകിയതോടെയാണ് എഫ്ഐആർ നടപടികളിലേക്ക് കടന്നത്. മുംബൈയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ രതീഷ് കുമാറിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
വിനായകനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി രതീഷ് കുമാറിന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുവെന്നാണ് പരാതി. ഇതുമൂലം തനിക്കും മകൾക്കും മാനഹാനിയും സാമൂഹിക ബുദ്ധിമുട്ടുകളും നേരിട്ടതായി പരാതിയിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
