ഡോക്ടറെ കയ്യേറ്റം ചെയ്ത കേസ്; നടി അതുല്യ ചന്ദ്രയടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ നടി അതുല്യ ചന്ദ്രയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നടി അതുല്യ ചന്ദ്ര, സിനിമാതാരം ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷ നിരസിച്ചത്. പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. കേസിലെ മറ്റു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

യുവ ഡോക്ടർക്കെതിരായ പരാതി വ്യാജമാണെന്ന പ്രതികളുടെ വാദം പൊലീസ് കോടതിയിൽ എതിർത്തു. അതേസമയം, അതുല്യ ചന്ദ്രയുടെ ബന്ധു ഡോക്ടർക്കെതിരെ നൽകിയ പീഡനപരാതിയിലും ഗുരുതര വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരിൽ ഭൂരിഭാഗവും ഡോക്ടറുടെ രോഗികളോ അവരുടെ ബന്ധുക്കളോ ആണെന്നാണ് വിവരം.

ലഹരി നൽകിയശേഷം പീഡിപ്പിക്കുകയും ലൈംഗികബന്ധത്തിനിടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ വലിയ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. സംഭവങ്ങളിൽ കൂടുതൽ പരാതികൾ ലഭിച്ചാൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോൺ പരാതിക്കാരിയാണ് പൊലീസിന് കൈമാറിയത്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം കേസ് കൂടുതൽ വിപുലമായി അന്വേഷിച്ചുവരികയാണ്. ഇതിനിടെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും പ്രതി നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.

മറുപടി രേഖപ്പെടുത്തുക