2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രചാരണം ശക്തമാക്കി അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം. സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നിർദേശം നിരസിക്കപ്പെട്ടതോടെയാണ് മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ഉൾപ്പെടെ പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ബഹുജൻ സമാജ് പാർട്ടിയുമായോ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായോ സഖ്യമുണ്ടാക്കാനുള്ള സാധ്യതയും എഐഎംഐഎം പരിശോധിക്കുന്നുണ്ട്.
ജൂൺ 14ന് ബഹ്റൈച്ചിൽ നടന്ന റാലിയോടെ പ്രചാരണം ആരംഭിച്ച ഒവൈസി ഇതുവരെ എട്ടിലധികം പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. അഖിലേഷ് യാദവ് മുസ്ലിം സമുദായത്തെ അവഗണിക്കുകയാണെന്നും വോട്ടുകൾ നേടിയശേഷം അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം-ദലിത് വിഭാഗങ്ങളെ ചേർത്ത് രാഷ്ട്രീയ സഖ്യം രൂപീകരിക്കാനാണ് ബിഎസ്പിയുമായി ചർച്ച നടത്തുന്നതെന്ന് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലിയും വ്യക്തമാക്കി.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403ൽ 255 സീറ്റുകൾ ബിജെപിയും 111 സീറ്റുകൾ സമാജ്വാദി പാർട്ടിയുമാണ് നേടിയത്. മുസ്ലിം ഭൂരിപക്ഷമുള്ള 14 മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടി വിജയിച്ചിരുന്നു. ഇവിടങ്ങളിലാണ് എഐഎംഐഎം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പാർട്ടി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
എഐഎംഐഎമ്മും ബിഎസ്പിയും സഖ്യമുണ്ടാക്കിയാൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കുമെന്നും അത് സമാജ്വാദി പാർട്ടിക്ക് തിരിച്ചടിയാകുമെന്നും ബിജെപി നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ 2022ലെ തെരഞ്ഞെടുപ്പിൽ 95 സീറ്റുകളിൽ മത്സരിച്ച എഐഎംഐഎമ്മിന് ഒരു സീറ്റുപോലും നേടാനായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ 2027ലെ തെരഞ്ഞെടുപ്പിൽ പുതിയ സഖ്യനീക്കങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതാണ് രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.
