മെൽബൺ ക്രിക്കറ്റ് മൈതാനത്ത് മോദിയും ആൽബനീസും സ്റ്റീവ് വോയും ; കായിക നയതന്ത്രത്തിന് പുതിയ ഊർജം

ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കുട്ടി ക്രിക്കറ്റ് താരങ്ങളുമായി സംവദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സന്ദർശനത്തിൽ മോദിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കായിക നയതന്ത്രത്തിനുള്ള പ്രാധാന്യം അടിവരയിടുന്നതായിരുന്നു ഇരുനേതാക്കളുടെയും ഈ പ്രത്യേക സന്ദർശനം.

സന്ദർശനത്തിനിടെ ഭാവി തലമുറയിലെ ക്രിക്കറ്റ് താരങ്ങളുമായി മോദി സൗഹൃദ സംഭാഷണം നടത്തുകയും കുട്ടികളുടെ ജേഴ്‌സികളിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. യുവതാരങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായി.

ഇരു പ്രധാനമന്ത്രിമാർക്കുമൊപ്പം ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകനായ സ്റ്റീവ് വോയും സ്റ്റേഡിയത്തിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ പ്രാധാന്യം നൽകി. കായിക രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സന്ദേശമാണ് ഈ കൂടിക്കാഴ്ചയിലൂടെ ഇരുരാജ്യങ്ങളും നൽകിയത്.

അതേസമയം, ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടത്താനും തീരുമാനമായിട്ടുണ്ട്. ക്രിക്കറ്റ് സഹകരണത്തിന്റെ പുതിയ അധ്യായമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2030-ലെ കോമൺവെൽത്ത് ഗെയിംസിനും ഓസ്ട്രേലിയ വേദിയാകുന്ന 2032-ലെ ഒളിംപിക് ഗെയിംസിനും മുന്നോടിയായി സമഗ്രമായ കായിക സഹകരണ രൂപരേഖ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് മെൽബൺ സന്ദർശനം നടന്നത്. കായിക രംഗത്തെ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തുന്നതിനും യുവതലമുറയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെ കാണുന്നത്.

മറുപടി രേഖപ്പെടുത്തുക