ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി അനിൽ മേനോൻ; ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിന് അരികിൽ നാസ ശാസ്ത്രജ്ഞൻ

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടത്തിലേക്ക് നാസ ശാസ്ത്രജ്ഞൻ അനിൽ മേനോൻ. മലയാളി വേരുകളുള്ള അനിൽ മേനോൻ ജൂലൈ 14ന് കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി യാത്ര തിരിക്കും. റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് അദ്ദേഹം ബഹിരാകാശ യാത്ര നടത്തുന്നത്.

എക്‌സ്‌പെഡിഷൻ-75 ദൗത്യത്തിന്റെ ഭാഗമായി മൂന്നംഗ സംഘമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. അനിൽ മേനോനൊപ്പം റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ശാസ്ത്രജ്ഞരായ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയും ദൗത്യസംഘത്തിലുണ്ട്. എട്ട് മാസം നീളുന്ന ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ മെഡിക്കൽ, ശാസ്ത്രീയ പഠനങ്ങൾ നടത്തുകയാണ്.

അമേരിക്കയിൽ ജനിച്ച് വളർന്ന അനിൽ മേനോന് മലയാളവുമായി ശക്തമായ കുടുംബബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ശങ്കര മേനോൻ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. എമർജൻസി മെഡിസിൻ വിദഗ്ധനും യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലുമായ അനിൽ, വൈദ്യശാസ്ത്രത്തിലും ബഹിരാകാശ ഗവേഷണത്തിലും ഒരുപോലെ ശ്രദ്ധേയമായ കരിയറാണ് കെട്ടിപ്പടുത്തത്.

2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശയാത്രിക സംഘത്തിലേക്ക് അനിൽ തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് രണ്ട് വർഷത്തിലധികം നീണ്ട കഠിന പരിശീലന പരിപാടി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ യാത്രയ്ക്ക് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനത്തിലാണ്.

2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായാണ് അനിലിന്റെ ബഹിരാകാശ രംഗത്തെ ഔദ്യോഗിക യാത്ര ആരംഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സേവനമനുഷ്ഠിച്ച നിരവധി ബഹിരാകാശയാത്രികരുമായി പ്രവർത്തിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.

2018-ൽ അദ്ദേഹം സ്പേസ്എക്‌സിൽ ചേർന്നു. കമ്പനിയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ മെഡിക്കൽ തയ്യാറെടുപ്പുകളിൽ നിർണായക പങ്കുവഹിച്ച അനിൽ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്കായി വികസിപ്പിച്ച സൂപ്പർ-ഹെവി റോക്കറ്റിന്റെയും സ്റ്റാർഷിപ്പ് പേടകത്തിന്റെയും പദ്ധതികളുമായി അടുത്ത് സഹകരിച്ചു.

അനിലിന്റെ ഭാര്യ അന്ന വിൽഹെമും ബഹിരാകാശയാത്രികയാണ്. സ്പേസ്എക്‌സിന്റെ സ്വകാര്യ ബഹിരാകാശ ദൗത്യമായ പോളാരിസ് ഡോണിന്റെ ഭാഗമായി 2024 സെപ്റ്റംബറിൽ അന്ന ബഹിരാകാശത്ത് യാത്ര നടത്തിയിരുന്നു. ഏകദേശം അഞ്ച് ദിവസം നീണ്ടുനിന്ന ആ ദൗത്യം വലിയ ശ്രദ്ധ നേടിയിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ദീർഘകാല ബഹിരാകാശ യാത്ര മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നതുമായി ബന്ധപ്പെട്ട സുപ്രധാന പഠനങ്ങളാണ് അനിൽ മേനോൻ നടത്തുക. മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ ബഹിരാകാശയാത്രികരുടെ രക്തപ്രവാഹം, സിരകളുടെ ഘടന, രക്തത്തിലെ മാറ്റങ്ങൾ എന്നിവ വിശദമായി പരിശോധിക്കും.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയയ്ക്കാനുള്ള ഭാവി പദ്ധതികൾക്ക് നിർണായകമായ ശാസ്ത്രീയ വിവരങ്ങൾ ഈ പരീക്ഷണങ്ങളിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളി വേരുകളുള്ള ഒരു ശാസ്ത്രജ്ഞൻ ലോക ബഹിരാകാശ ഗവേഷണത്തിന്റെ മുൻനിരയിൽ എത്തുന്ന ഈ നിമിഷം ഇന്ത്യക്കും കേരളത്തിനും അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക