വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം; അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി പങ്കാളിത്തം കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയും ആവശ്യമായ കൂടിയാലോചനകൾ നടത്താതെയുമാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം നടത്തിയതെന്ന് സർക്കാർ വിലയിരുത്തുന്നു.

ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ വിയോജിപ്പും അതൃപ്തിയും മുഖ്യമന്ത്രി വി.ഡി. സതീശൻ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ മാനേജ്‌മെന്റിനെ നേരിട്ട് അറിയിച്ചതായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേരളത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ഈ കരാർ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൺസഷനറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച ഓഹരി കൈമാറ്റ കരാറിന്റെ നിയമസാധുതയും കൺസഷൻ കരാറിലെ വ്യവസ്ഥകളും വിശദമായി പരിശോധിക്കാൻ റവന്യൂ, നിയമ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കരാറിലെ എല്ലാ വ്യവസ്ഥകളും നിയന്ത്രണങ്ങളും കർശനമായി പരിശോധിച്ച ശേഷമേ തുടർനടപടികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങളും തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര നേട്ടങ്ങളും സംരക്ഷിച്ചുകൊണ്ടാണ് വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം മുന്നോട്ടുപോകേണ്ടതെന്ന് സർക്കാർ ആവർത്തിച്ചു. ലോകത്തെ പ്രമുഖ തുറമുഖങ്ങളോട് മത്സരിക്കാൻ കഴിയുന്ന അന്താരാഷ്ട്ര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞത്തെ ഉയർത്തുക എന്നതാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യമെന്നും വ്യക്തമാക്കി.

ഓഹരി കൈമാറ്റ വിഷയത്തിൽ നിയമപരവും കരാർപരവുമായ പരിശോധനകൾ പൂർത്തിയായ ശേഷമേ സർക്കാർ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുകയുള്ളൂ

മറുപടി രേഖപ്പെടുത്തുക