ടാറ്റ ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ വോൾട്ടാസിന്റെ ചെയർമാൻ സ്ഥാനവും ഒഴിയുമെന്ന് നോയൽ ടാറ്റ പ്രഖ്യാപിച്ചു. കമ്പനിയുടെ 72-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2017 മുതൽ വോൾട്ടാസിന്റെ ചെയർമാനായി പ്രവർത്തിച്ചുവരുന്ന നോയൽ ടാറ്റ, ചെയർമാൻ എന്ന നിലയിൽ പങ്കെടുക്കുന്ന അവസാന വാർഷിക പൊതുയോഗമാണിതെന്ന് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ട്രെന്റിന്റെ ചെയർമാൻ സ്ഥാനവും ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
കമ്പനിയുടെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച നോയൽ ടാറ്റ, ആന്തരിക സ്ഥാനക്കയറ്റങ്ങളിലൂടെയും പുതിയ നിയമനങ്ങളിലൂടെയും ശക്തമായ നേതൃത്വ നിര വളർത്തിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെയും പുതിയ തലമുറ നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ വോൾട്ടാസ് എല്ലാ ബിസിനസ് മേഖലകളിലും മുന്നേറ്റം തുടരുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
ഓഹരി ഉടമകൾക്കും ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, കമ്പനിയുടെ നിലവിലെ വളർച്ചാപഥത്തിൽ ഏറെ സംതൃപ്തനാണെന്നും വ്യക്തമാക്കി.
2003-ലാണ് നോയൽ ടാറ്റ വോൾട്ടാസ് ബോർഡിൽ അംഗമായത്. തുടർന്ന് 2017 സെപ്റ്റംബർ 1-ന് നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റു. ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായ നോയൽ ടാറ്റയ്ക്ക് ഈ വർഷം നവംബറിൽ 70 വയസ് തികയും.
അതേസമയം, പുതിയ സാമ്പത്തിക വർഷത്തിലും വോൾട്ടാസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ റൂം എയർ കണ്ടീഷണർ വിഭാഗം വെറും 81 ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടം കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
