ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ അവകാശലംഘന നോട്ടീസ് നൽകി.
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിലാണ് നടപടി ആവശ്യപ്പെട്ടത്. ലോക്‌സഭാ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 223 പ്രകാരം പ്രതിരോധ മന്ത്രിക്കെതിരെ പ്രത്യേകാവകാശ നടപടി ആരംഭിക്കണമെന്നാണ് വേണുഗോപാലിന്റെ ആവശ്യം.
2025 ജൂലൈയിൽ പഹൽഗാം ഭീകരാക്രമണത്തെയും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറിനെയും കുറിച്ചുള്ള ചർച്ചയിൽ, ഇന്ത്യൻ സൈന്യത്തിന് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചിരുന്നുവെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ, പിന്നീട് പുറത്തുവന്ന വിവരങ്ങൾ ആ പ്രസ്താവനയുമായി പൊരുത്തപ്പെടുന്നില്ലെന്നും അതിനാൽ സഭയെ തെറ്റിദ്ധരിപ്പിച്ച സംഭവമായി ഇത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയുടെ സത്യാവസ്ഥ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
