വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ രാജ്യത്തെ യുവജനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു . വിദ്യാഭ്യാസവും ശാക്തീകരണവുമാണ് യുവതലമുറയുടെ ഏറ്റവും വലിയ ശക്തിയെന്നും, ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനൊപ്പം ഗോത്രസമൂഹങ്ങളുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അവർ ആഹ്വാനം ചെയ്തു.
സെൻട്രൽ ട്രൈബൽ യുണിവേഴിറ്റി ഓഫ് ആന്ധ്രയുടെ ആദ്യ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ബിരുദങ്ങളും മെഡലുകളും നേടിയ വിദ്യാർഥികളെയും അവരെ നയിച്ച അധ്യാപകരെയും പിന്തുണച്ച മാതാപിതാക്കളെയും അവർ അഭിനന്ദിച്ചു.
സർവകലാശാലയിൽ ബിരുദം നേടിയവരിൽ ഏകദേശം 40 ശതമാനവും സ്വർണമെഡൽ ജേതാക്കളിൽ 70 ശതമാനവും പെൺകുട്ടികളാണെന്നത് സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും മികച്ച ഉദാഹരണമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസരംഗത്ത് വനിതകളുടെ മുന്നേറ്റം രാജ്യത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറയാണെന്നും അവർ പറഞ്ഞു.
ഗോത്ര സർവകലാശാലകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, ഗോത്രസമൂഹങ്ങളിൽ ആത്മവിശ്വാസവും നേതൃത്വവും വളർത്തുന്ന കേന്ദ്രങ്ങളായി മാറേണ്ടതുണ്ടെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, ഉപജീവനമാർഗങ്ങൾ, വനാവകാശങ്ങൾ തുടങ്ങിയ മേഖലകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അവർ വ്യക്തമാക്കി.
ബിരുദദാനം ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണെന്നും, അതേസമയം ഭാവിയിലേക്കുള്ള പുതിയ പ്രതിജ്ഞകൾ സ്വീകരിക്കാനുള്ള അവസരവുമാണെന്നും വിദ്യാർഥികളോട് രാഷ്ട്രപതി പറഞ്ഞു. അതിവേഗം മാറുന്ന ലോകത്ത് പുതിയ കഴിവുകൾ ആർജിക്കാനും പുസ്തകപരിചയത്തിനപ്പുറം പ്രായോഗിക അറിവുകൾ വികസിപ്പിക്കാനും അവർ ഉപദേശിച്ചു.
വനോൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, ചെറുധാന്യങ്ങൾ, ഔഷധസസ്യങ്ങൾ, ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളിൽ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. ആദിവാസി ക്ഷേമം, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ഊർജസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളെ അവർ അഭിനന്ദിക്കുകയും, സമത്വാധിഷ്ഠിതമായ വികസിത ഇന്ത്യയുടെ നിർമാണത്തിൽ ഇത്തരം സംരംഭങ്ങൾ നിർണായകമാകുമെന്നും അഭിപ്രായപ്പെട്ടു.
