ഇനിയെന്നാണ് കെപിസിസി ഓഫീസ് ആർഎസ്എസിന് എഴുതി നൽകുക എന്ന് മാത്രമേ അറിയേണ്ടതുള്ളു: എം വി ഗോവിന്ദൻ മാസ്റ്റർ

അധികാരത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തന്നെ വി.ഡി. സതീശൻ സർക്കാർ സംഘപരിവാറിനോടുള്ള വിധേയത്വം തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ തന്നെയാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രിമാർ ആർ.എസ്.എസിനോടുള്ള കൂറ് പ്രകടിപ്പിക്കാൻ മത്സരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തുന്നതിനെ ന്യായീകരിച്ച മന്ത്രി കെ.എം. ഷാജിയുടെ നിലപാടിനെതിരെ ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ഇത് കേന്ദ്രസർക്കാരുമായുള്ള ബന്ധത്തിന്റെ വിഷയമല്ല, ജനങ്ങളുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആറുലക്ഷത്തോളം വീടുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയിൽ എവിടെയും നേതാക്കളുടെ പേരോ ചിത്രമോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ ആർ.എസ്.എസിനെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തിലുള്ള നടപടികൾക്ക് സർക്കാർ പിന്തുണ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലകളിലെ നിയമനങ്ങളെയും ഗോവിന്ദൻ വിമർശിച്ചു. Mahatma Gandhi University ഉൾപ്പെടെയുള്ള സർവകലാശാലകളിൽ ആർ.എസ്.എസ് അനുകൂലികളെ ഗവർണർ നിയമിച്ചിട്ടും സർക്കാർ പ്രതികരിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, പി.എം. ശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനവും കേന്ദ്രനയങ്ങളോടുള്ള സർക്കാരിന്റെ സമീപനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതിനെക്കുറിച്ച് മന്ത്രിസഭയിലെ പലർക്കും അറിവില്ലായിരുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.

സർക്കാരിന്റെ നിലവിലെ സമീപനം കണക്കിലെടുക്കുമ്പോൾ, ഇനി കെ.പി.സി.സി ഓഫീസ് ആർ.എസ്.എസിന് എപ്പോൾ കൈമാറുമെന്നാണ് അറിയാനുള്ളതെന്ന് പരിഹസിച്ചും എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക