കോൺഗ്രസ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിൻ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസ് മുഖ്യമന്ത്രിയെ കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ സ്വകാര്യമായ ചിലരുടെ ക്യാമ്പയിനുകളാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഇത് ഔദ്യോഗികമായോ പാർട്ടി തീരുമാനമായോ കാണാനാവില്ലെന്നും, പാർട്ടിക്ക് വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ കൊണ്ട് സ്ഥാനങ്ങൾ നേടാനാകില്ലെന്നും, ചില നേതാക്കളുടെ വ്യക്തിപരമായ ആഗ്രഹപ്രകടനങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചർച്ചകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും, ഇത്തരത്തിലുള്ള വിഷയങ്ങൾ ഇപ്പോൾ പൊതു വേദിയിൽ ഉയർത്തേണ്ടതില്ലെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇത്തരം കാര്യങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ആവശ്യമില്ലെന്ന നിലപാടാണ് കെ. മുരളീധരൻ എടുത്തത്. ജയിച്ച ഉടൻ തന്നെ തർക്കങ്ങൾ തുടങ്ങിയെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് സ്വന്തം സംവിധാനമുണ്ടെന്നും, ഇപ്പോൾ അത്തരത്തിലുള്ള ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഹൈക്കമാൻഡ് അതിനെക്കുറിച്ച് തീരുമാനിക്കുമെന്നുമാണ് മുരളീധരന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക