യുദ്ധ കെടുതികൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ രംഗത്തെത്തി. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഐക്യരാഷ്ട്രസഭയിൽ ഇറാന്റെ പ്രതിനിധി ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ.
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേൽന്റെയും സംയുക്ത ആക്രമണ ശ്രമങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ പിന്തുണ നൽകിയെന്നതാണ് ഇറാന്റെ പ്രധാന ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് നഷ്ടപരിഹാര ആവശ്യം ശക്തമായത്.
ഇറാന്റെ പ്രതിനിധിയായ അമിർ സയ്ദ് ഇറാവാനി ഐക്യരാഷ്ട്രസഭയിൽ ഔദ്യോഗികമായി ഈ ആവശ്യം ഉന്നയിച്ചതായി ഇറാൻ ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനോടുള്ള ധാർമിക ബാധ്യത പാലിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ പരാജയപ്പെട്ടുവെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധം ഇറാനിൽ സൃഷ്ടിച്ച ഭൗതികവും മാനസികവുമായ നഷ്ടങ്ങൾക്ക് ബന്ധപ്പെട്ട രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവർത്തിച്ചു ആവശ്യപ്പെട്ടു.
