യുദ്ധക്കുറ്റകൃത്യങ്ങൾ; പ്രോസിക്യൂഷൻ ഭയന്ന് യുകെ എസ്എഎസ് സേനയിൽ സൈനികർ ഗണ്യമായ തോതിൽ രാജിവെക്കുന്നു

യുദ്ധക്കുറ്റകൃത്യങ്ങൾ സംബന്ധിച്ച മനുഷ്യാവകാശ അന്വേഷണങ്ങൾ ശക്തമാകുന്നതിനിടെ യുകെയിലെ എലൈറ്റ് എസ്എഎസ് സേനയിൽ നിന്ന് സൈനികർ ഗണ്യമായി രാജിവയ്ക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രോസിക്യൂഷൻ ഭയം ഉയർന്നതാണ് രാജിവയ്പ്പുകൾ വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

2010 മുതൽ 2013 വരെയുള്ള കാലയളവിൽ അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് പ്രത്യേക സേന നടത്തിയ പ്രവർത്തനങ്ങളും സിറിയയിലും വടക്കൻ അയർലൻഡിലുമുള്ള ദൗത്യങ്ങളുമാണ് അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. രാത്രി റെയ്ഡുകളിൽ നിയമവിരുദ്ധ കൊലപാതകങ്ങൾ നടന്നതായും തടവുകാരെയും നിരായുധരായ സാധാരണക്കാരെയും വെടിവച്ചതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തെളിവുകൾ വ്യാജമാക്കിയോയെന്നതും മുതിർന്ന ഉദ്യോഗസ്ഥർ തെറ്റ് മറച്ചുവെച്ചോയെന്നതും പൊതുഅന്വേഷണം പരിശോധിക്കുന്നു.

ബ്രിട്ടീഷ് ആർമിയുടെ പ്രത്യേക സേനയായ 22 എസ്എഎസിലെ അംഗങ്ങൾ സ്വമേധയാ സേവനത്തിൽ നിന്ന് പിന്മാറാൻ അപേക്ഷിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ലെങ്കിലും ഡി, ജി സ്ക്വാഡ്രണുകളിലെ അംഗങ്ങൾ ഉൾപ്പെടെ പലരെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

“സേനയ്ക്കുള്ളിലെ മനോവീര്യം തകർന്നിരിക്കുകയാണ്” എന്ന് ആന്തരിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ പിന്നീട് മനുഷ്യാവകാശ നിയമപ്രകാരം കേസുകളിലേക്കോ അറസ്റ്റിലേക്കോ നയിക്കാമെന്ന ആശങ്കയാണ് രാജിവയ്പ്പുകൾക്ക് പിന്നിലെ പ്രധാന കാരണം എന്ന് മുൻ സൈനിക ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

മുൻപ് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, 120 സൈനികർ ഉൾപ്പെടെ 242 പ്രത്യേക സേനാംഗങ്ങൾക്കെതിരെ നിയമനടപടികൾ പരിഗണനയിലാണ്. 2022ൽ ബിബിസി പനോരമ നടത്തിയ അന്വേഷണത്തിൽ, ഹെൽമണ്ട് പ്രവിശ്യയിൽ ആറുമാസത്തെ ദൗത്യത്തിനിടെ ഒരു എസ്എഎസ് യൂണിറ്റ് 54 പേരെ സംശയാസ്പദ സാഹചര്യത്തിൽ വെടിവച്ചു കൊന്നതായി കണ്ടെത്തിയിരുന്നു. നിരായുധരായ അഫ്ഗാൻ പൗരന്മാരെ കൊന്ന ശേഷം അവരുടെ മേൽ ആയുധങ്ങൾ വെച്ചുവെന്നാരോപണവും ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം പുറത്തുവന്ന മറ്റൊരു അന്വേഷണത്തിൽ, അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ ബ്രിട്ടീഷ് പ്രത്യേക സേനാ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക