കേരള നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പുനഃപരിശോധന ഇല്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോയുടെ അംഗീകാരവും ഇതിനായി നേടിയിരുന്നുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇനി ഇക്കാര്യത്തിൽ വീണ്ടും ചർച്ചയോ പുനഃപരിശോധനയോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് (മെയ് 21) ദില്ലിയിൽ ആരംഭിക്കും. മൂന്ന് ദിവസമായി നടക്കുന്ന യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചർച്ചാവിഷയമാകും.
വിശദമായ വിലയിരുത്തൽ നടത്താൻ നേരത്തെ പോളിറ്റ് ബ്യൂറോ സംസ്ഥാനഘടകത്തിന് നിർദേശം നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് യോഗത്തിൽ സംസ്ഥാനഘടകം അവതരിപ്പിക്കും.
