സതീശൻ ചരിത്രം പഠിച്ചത് ആർ.എസ്.എസുകാരിൽ നിന്ന്; കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് മറുപടിയുമായി കെ.ടി. കുഞ്ഞിക്കണ്ണൻ

സംസ്ഥാന നിയമസഭയിൽ കമ്മ്യൂണിസ്റ്റുകാരെയും സോവിയറ്റ് യൂണിയനെയും അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടിയുമായി സി.പി.ഐ.എം. നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ. ‘മോസ്കോയിൽ മഴ പെയ്യുമ്പോൾ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ’ എന്ന സതീശന്റെ പരിഹാസം വലതുപക്ഷ ശക്തികളും ജാതി-ഫ്യൂഡൽ ബോധമുള്ളവരും പണ്ടുമുതലേ പറയുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ ചരിത്രം പഠിച്ചത് അരുൺ ശൂരിയെപ്പോലുള്ള ആർ.എസ്.എസുകാരിൽ നിന്നാണെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ പരിഹസിച്ചു.

ദേശ-രാഷ്ട്ര വ്യത്യാസങ്ങൾക്കപ്പുറത്ത് അസമത്വങ്ങളും സാമൂഹ്യ വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സുദീർഘമായ സമരത്തിലൂടെയാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മം കൊണ്ടത്. ലോകത്തെല്ലായിടത്തും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയും സോവിയറ്റ് യൂണിയനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സോവിയറ്റ് യൂണിയൻ ഹിറ്റ്ലറോടൊപ്പമായിരുന്നു എന്ന ആർ.എസ്.എസ്. പ്രചാരണം സതീശൻ ഏറ്റെടുക്കുകയാണെന്ന് കുഞ്ഞിക്കണ്ണൻ കുറ്റപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധ കാലത്തെ യഥാർത്ഥ ചരിത്രം അദ്ദേഹം വിവരിച്ചു. ഹിറ്റ്ലറുടെ ഭീഷണിയെ പ്രതിരോധിക്കാൻ ആവശ്യമായ സമയം കണ്ടെത്താനാണ് സോവിയറ്റ് യൂണിയൻ ജർമ്മനിയുമായി താൽക്കാലിക അനാക്രമണ കരാർ ഉണ്ടാക്കിയത്.

പിന്നീട് ‘ഓപ്പറേഷൻ ബാർബറോസ’യിലൂടെ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ, സ്റ്റാലിൻ സഖ്യശക്തികളെ ഒന്നിപ്പിച്ച് നാസിപ്പടയെ തുരത്തുകയാണ് ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സഹിച്ചുകൊണ്ട് സോവിയറ്റ് യൂണിയൻ ഫാസിസത്തെ പരാജയപ്പെടുത്തിയതുകൊണ്ടാണ് ലോകത്ത് ‘ഡീകൊളോണിയലൈസേഷൻ’ (തദ്ദേശീയ ഭരണം) സാധ്യമായതും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചതും.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ നിർമ്മിതിക്ക് പഞ്ചവത്സര പദ്ധതികളിലൂടെ ഉൾപ്പെടെ വലിയ പിൻബലം നൽകിയത് സോവിയറ്റ് മാതൃകയായിരുന്നു. ഇതറിയാവുന്നത് കൊണ്ടാണ് ജവഹർലാൽ നെഹ്റു, സ്റ്റാലിന്റെ നിര്യാണത്തിന് ശേഷം ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചതെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ ഓർമ്മിപ്പിച്ചു. ഇതൊന്നും മനസ്സിലാക്കാതെ, ഹിന്ദുത്വവാദികളുടെ ചരിത്രരേഖകളെ കൂട്ടുപിടിച്ച് സതീശൻ ആർ.എസ്.എസിന്റെ അജണ്ടയ്ക്കനുസരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക