പിണറായി വിജയനും സി.പി.ഐ.എം നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും രൂക്ഷവിമർശനവുമായി എംഎൽഎ ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇപ്പോൾ ‘നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് സുധാകരൻ തുറന്നടിച്ചു. തന്റെ പുതിയ ഓഫീസ് ഉദ്ഘാടന വേളയിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സുധാകരന്റെ ഈ തുറന്നുപറച്ചിൽ.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഴുന്നേറ്റ് നിന്ന് ശക്തമായി സംസാരിക്കാൻ സഭയിൽ ഒരു സി.പി.ഐ.എം. നേതാവിനും കഴിയുന്നില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ.
നിലവിലെ സഭയിലെ പാർട്ടിയുടെ പ്രകടനത്തിൽ തനിക്ക് വലിയ സങ്കടമുണ്ട്. ഇടത്തോട്ട് മുണ്ടുടുത്തത് കൊണ്ട് മാത്രം ആരും ഇടതുപക്ഷമാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെയും കടുത്ത ഭാഷയിലാണ് സുധാകരൻ പ്രതികരിച്ചത്:
ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ആദ്യം ഒരുത്തിയെ കൊണ്ടുവന്നു, പിന്നീട് അവളെ മാറ്റി മറ്റൊരുത്തിയെ കൊണ്ടുവന്നു. ഈ തരംതാണ കളി കാരണമാണ് ആലപ്പുഴയിലെ ഭരണം എൽ.ഡി.എഫിന് നഷ്ടമായത്. നിലവിൽ സി.പി.ഐ.എമ്മിൽ ജനങ്ങൾക്ക് അംഗീകാരമുള്ള ഒരൊറ്റ യുവജന നേതാവ് പോലുമില്ല. സമൂഹത്തിൽ പാർട്ടിയുടെ വിശ്വാസ്യത പൂർണ്ണമായി തകർന്നു കഴിഞ്ഞു.
അടുത്തകാലത്തൊന്നും സി.പി.ഐ.എം. ഇനി നന്നാകാൻ പോകുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ സുവർണ്ണ കാലഘട്ടമാണെന്നും വിലയിരുത്തി. സ്വന്തമായി നിൽക്കാൻ കഴിയാതെ ‘ഊന്നുവടിയിൽ’ നടക്കുന്ന സി.പി.ഐ.എം. ആണ് കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് പറയുന്നത്. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി മുസ്ലിം ലീഗാണെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
