ബന്ധുനിയമന വിവാദങ്ങൾക്കൊടുവിൽ സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് കൂടിയായ ബെന്നി തോമസിനെ ഈ പദവിയിലേക്ക് നിയമിച്ചത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഇപ്പോൾ രാജി സമർപ്പിച്ചിരിക്കുന്നത്.
ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് തന്റെ സഹോദരിയുടെ ഭർത്താവാണ് എന്ന മാനദണ്ഡം നോക്കിയല്ലെന്നായിരുന്നു വിവാദങ്ങളോട് സണ്ണി ജോസഫ് പ്രതികരിച്ചത്. ബെന്നി തോമസ് മികച്ചൊരു പൊതുപ്രവർത്തകനാണെന്നും ആ യോഗ്യത കണക്കിലെടുത്താണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ഔദ്യോഗികമായി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബെന്നി തോമസിനെ ഈ തസ്തികയിലേക്ക് നിയമിച്ചതെന്നും സണ്ണി ജോസഫ് മുൻപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ , പ്രതിപക്ഷത്തുനിന്നും പൊതുജനങ്ങളിൽ നിന്നും ഉയർന്ന ശക്തമായ വിമർശനങ്ങളെ തുടർന്നാണ് ഒടുവിൽ രാജിയോടെ വിവാദങ്ങൾക്ക് അറുതി വരുത്താൻ തീരുമാനിച്ചത്.
