മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം ഫേസ്ബുക്ക് നീക്കം ചെയ്തു. കേരളാ പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി. അഭിമുഖം ചാനലിൽ സംപ്രേഷണം ചെയ്തതോടൊപ്പം സമൂഹമാധ്യമ പേജുകളിലും പ്രസിദ്ധീകരിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ വിമർശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങളും ഉൾപാർട്ടി ചർച്ചകളും അഭിമുഖത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖത്തിലെ ചില പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയ റീലിന്റെ ലിങ്ക് ഫേസ്ബുക്കിൽ ഇപ്പോഴും ലഭ്യമായിരുന്നാലും, ഇന്ത്യയിൽ വീഡിയോ കാണാനാകില്ലെന്ന് മനോരമ ന്യൂസ് അറിയിച്ചു.
അഭിമുഖത്തിന്റെ കമന്റ് ബോക്‌സിൽ അധിക്ഷേപകരമായ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരളാ പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം ഫേസ്ബുക്കിന് നോട്ടീസ് നൽകിയിരുന്നു. കമന്റുകൾ മാത്രം നീക്കാനാണ് ആവശ്യപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും, കമന്റ് ബോക്‌സിൽ ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങൾ സംഘർഷ സാധ്യത സൃഷ്ടിക്കാമെന്ന വിലയിരുത്തലിലാണ് വീഡിയോ ഭാഗം ഇന്ത്യയിൽ നിന്ന് നിയന്ത്രിച്ചതെന്നും സൈബർ വിഭാഗം മനോരമയെ അറിയിച്ചു.
