നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ഒഡീഷയിലും ഛത്തീസ്ഗഡിലും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക് കടന്നത്.
ഒഡീഷയിൽ സ്കൂൾ പാഠപുസ്തകങ്ങളിലെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് സ്കൂൾ-ബഹുജന വിദ്യാഭ്യാസ മന്ത്രി നിത്യാനന്ദ് ഗോണ്ടിന്റെ രാജി ആവശ്യപ്പെട്ട് ബിജു ജനതാദളും കോൺഗ്രസും പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാനത്തെ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങളിൽ വ്യാപകമായ തെറ്റുകൾ കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് നവീൻ പട്‌നായിക് ആവശ്യപ്പെട്ടു.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിന്റെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 55 പാഠപുസ്തകങ്ങളിൽ അക്ഷരത്തെറ്റുകൾ, വ്യാകരണ പിശകുകൾ, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടെ 1,678 പിഴവുകൾ കണ്ടെത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ മാത്രം 705 പിശകുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒഡീഷയിലെ നിയാംഗിരി കുന്നുകൾ ജാർഖണ്ഡിലാണെന്ന് രേഖപ്പെടുത്തിയതും, ഒഡീഷ നിയമസഭയുടെ ചിത്രം കർണാടക നിയമസഭയുടേതായി നൽകിയതും, ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടണെ ‘മഹാനായ പൈലറ്റ്’ എന്ന് വിശേഷിപ്പിച്ചതും ഉൾപ്പെടെയുള്ള പിഴവുകൾ വ്യാപക വിമർശനത്തിന് ഇടയാക്കി.
സംഭവത്തെ തുടർന്ന് എസ്‌സിഇആർടി ഡയറക്ടർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും മുൻ എസ്‌സിഇആർടി ഡയറക്ടർ മനോജ് കുമാർ ഭാട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, ബിജെഡി ഭരണകാലത്തും നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അന്ന് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ബിജെപി നേതാക്കൾ തിരിച്ചടിച്ചു.
ഛത്തീസ്ഗഡിൽ വിദ്യാഭ്യാസ മന്ത്രി ഗജേന്ദ്ര യാദവിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ സംഘടനകളും പ്രതിഷേധം നടത്തി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാഭ്യാസ രംഗത്ത് അടിയന്തര പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നടന്ന പ്ലസ് ടു ഹിന്ദി ചോദ്യപേപ്പർ ചോർച്ചയും അധ്യാപക ഒഴിവുകൾ നികത്തുന്നതിൽ ഉണ്ടായ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ആയിരക്കണക്കിന് അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും നിരവധി സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ, സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടുവരികയാണെന്നും പരീക്ഷാഫലങ്ങൾ മുൻ ഭരണകാലത്തേക്കാൾ മികച്ചതാണെന്നും ബിജെപി നേതൃത്വം അവകാശപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി ആരോപിച്ചു.
