സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിച്ചതും കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കവും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ടി. ജലീൽ. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമ്മർദം മൂലമാണ് മുസ്ലിം ലീഗ് ബിജെപിയുമായി രാഷ്ട്രീയ ധാരണയിലെത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്രം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന ഭീഷണി ഉണ്ടായിരിക്കാമെന്നും, അതുകൊണ്ടാണ് പദ്ധതിക്ക് പിന്തുണ നൽകുന്ന നിലപാട് ലീഗ് സ്വീകരിക്കുന്നതെന്നും ജലീൽ പറഞ്ഞു. മുസ്ലിം ലീഗിനെക്കൊണ്ട് തന്നെ പദ്ധതിയിൽ ഒപ്പുവെപ്പിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയും, കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടാൻ തങ്ങളില്ലെന്ന ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രതികരണവും ഇതിനുള്ള തെളിവുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിന്റെ നിരവധി മുതിർന്ന നേതാക്കൾക്ക് ഇതിനകം ഇഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ജലീൽ ചൂണ്ടിക്കാട്ടി. സമുദായാവകാശങ്ങളെയും മതപരമായ വിഷയങ്ങളെയും കുറിച്ച് സംസാരിക്കുന്ന ലീഗ്, അധികാരത്തിലെത്തിയാൽ അവയെ മറക്കുന്നതാണ് പതിവെന്നും അദ്ദേഹം വിമർശിച്ചു.
പിഎം ശ്രീ പദ്ധതി എൽഡിഎഫിന് അംഗീകരിക്കാനാവാത്തതാണെങ്കിൽ അത് യുഡിഎഫിനും അംഗീകരിക്കാനാവില്ലെന്നും, അതിനെ സ്വന്തം താല്പര്യപ്രകാരം ‘ഹലാലാക്കാൻ’ ലീഗിന്റെ ഒരു ‘ഇച്ചാച്ചൻ’ വിചാരിച്ചാലും നടക്കാൻ പോകുന്നില്ലെന്നും കെ.ടി. ജലീൽ പരിഹസിച്ചു.
