മദ്യകമ്പനികൾക്ക് നികുതിയിളവ് നൽകാൻ ധനകാര്യ ബിൽ ഒളിച്ചുകടത്തി; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

കോർപ്പറേറ്റ് മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരിന്റെ യഥാർത്ഥ മുഖമാണ് നിയമസഭയിൽ വെളിപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിരവധി നയങ്ങളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും നിയമസഭാ സമ്മേളനത്തിലെ അനുഭവങ്ങൾ അതീവ ഗുരുതരമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ധനകാര്യ ബിൽ പാസാക്കിയ രീതി സഭാ ചട്ടങ്ങളുടെയും ജനാധിപത്യ കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് അദ്ദേഹം വിമർശിച്ചു. പുതുക്കിയ ബജറ്റ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ലാത്ത ബിൽ സഭയെ തെറ്റിദ്ധരിപ്പിച്ച് അജണ്ടയിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും കാര്യോപദേശ സമിതിയിൽ പുതിയ നികുതി നിർദേശങ്ങളൊന്നുമില്ലെന്ന് സർക്കാർ ഉറപ്പുനൽകിയ ശേഷമാണ് ഈ നീക്കം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെജിഎസ്ടി നിയമഭേദഗതിയിലൂടെ ചില മദ്യകമ്പനികൾക്ക് നികുതിയിളവ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ബിൽ കൊണ്ടുവന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. വിഷയം സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് പോലും വിടാതെ ധൃതിപിടിച്ച് ബിൽ പാസാക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

മദ്യകമ്പനികൾക്ക് നികുതിയിളവ് നൽകുന്നതിലൂടെ സംസ്ഥാനത്ത് മദ്യവ്യാപനം വർധിപ്പിക്കാൻ സർക്കാർ വഴിയൊരുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി സഭയിൽ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിൽ സഭ പാസാക്കിയ ശേഷം മുന്നണി ചർച്ചയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ചോദിച്ച പിണറായി വിജയൻ, വിഷയത്തിൽ സ്വന്തം പാർട്ടിയിലോ മുന്നണിയിലോ മന്ത്രിസഭയിലോ പോലും കാര്യമായ ചർച്ച നടന്നിട്ടില്ലെന്നും ആരോപിച്ചു.

സാമൂഹിക-മത സംഘടനകളിൽ നിന്നടക്കമുള്ള ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടും അതെല്ലാം അവഗണിച്ച് കോർപ്പറേറ്റ് കമ്പനികൾക്ക് പ്രയോജനം ചെയ്യുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക